നവവരന്മാരേ ഡിസ്ക് ഇളക്കരുത്!

 



1. നവവരന്മാരേ ഡിസ്ക് ഇളക്കരുത്!

രണ്ട് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ഏറ്റവും വലുതായി അലട്ടിയ പ്രശ്നം ഒരു കല്യാണം കഴിക്കുക എന്നതായിരുന്നു. ഗ്രഹണ സമയത്ത് ഞാഞ്ഞൂളിനും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍‍ ഗള്‍ഫുകാരനും ചില്ലറ വിലയൊക്കെയുണ്ടെന്ന് കരുതിപ്പോന്ന സമയത്താണ് ഞാനും നാട്ടിലെത്തുന്നത്. വെറ്റിലച്ചെല്ലത്തില്‍ കല്യാണക്കാര്യം എഴുതിയിടുക, പായ പകുതി കീറി "എനിക്കൊറ്റയ്ക്ക് കിടക്കാന്‍ പകുതി പായ മതി" എന്നൊക്കെ പറയാറുള്ള ആ അറു പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ക്ക് പകരമായി പെങ്ങന്മാര്‍ക്ക് കൈക്കൂലിയിനത്തില്‍ പാരിദോഷികങ്ങള്‍ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ച്, ആങ്ങളയെ കല്യാണത്തിന് നിര്‍ബന്ധിപ്പിക്കുക എന്ന ഒരു രീതിയാണ് ഞാന്‍ സ്വീകരിച്ചത്. എങ്കിലും നിര്‍ബന്ധം മാത്രം പോരെന്നും മേക്കപ്പിനും ഹെയര്‍ ഡൈക്കുമൊക്കെ വളരെയേറെ പ്രാധാന്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയ ദിനങ്ങളായിരുന്നു അത്.

മനസ്സില്‍ ഉദ്ദേശിച്ചത് ഉയര്‍ന്നൊരു തറവാടാണെങ്കിലും ഒരു ചെറിയ കുന്നിന്റെ മുകളില്‍ ഉയരത്തിലുള്ള വീട്ടില്‍ നിന്നാണ് ആദ്യ പെണ്ണു കാണല്‍ തരപ്പെട്ടത് തികച്ചും യാദ്യശ്ചികം മാത്രം! പിന്നീട് നടന്നതും യാദ്യശ്ചികം! ആദ്യം കണ്ട പെണ്ണിനെ തന്നെ എല്ലാവരും ചേര്‍ന്ന് ഉറപ്പിച്ചു. ആ പേരില്‍ നാലു പെമ്പിള്ളാരുടെ കയ്യീന്ന് ചായ വാങ്ങിക്കുടിക്കാനുള്ള സാഹചര്യം കൂടി നഷ്ടപ്പെട്ടു. എങ്കിലും ആദ്യം കണ്ട പെണ്ണ് തന്നെ ആദ്യ വധുവായതില്‍ വളരെ സന്തോഷം! (തല്‍ക്കാലം ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല. ശത്രുക്കള്‍ പറയുന്നത് പോലെ ബി പി ഉള്ളത് കൊണ്ടല്ല എന്ന് എന്നെ അറിയുന്നവര്‍ കരുതിക്കൂട്ടി വിശ്വസിക്കും എന്ന പ്രത്യാശയാല്‍ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.)

അങ്ങിനെയങ്ങനെ ഒരു എപ്രില്‍ രണ്ടാം തിയ്യതി ഞങ്ങളുടെ വിവാഹം നടന്നു. എന്റെ ജാതകപ്രകാരം ഏറ്റവും നല്ല മുഹൂര്‍ത്തം ഏപ്രില്‍ ഒന്നായിരുന്നെങ്കിലും പണിക്കര്‍ക്ക് സമയം ശരിയാക്കാനായി "എവറഡിയുടെ" രണ്ട് പുതിയ ബാറ്ററി വാങ്ങിക്കൊടുത്താണ് കാര്യം ശരിയാക്കിയത്. പഞ്ചസാരയില്‍ ചായല തട്ടിപോയപോലെ ഒരു കോമ്പിനേഷനാണ് ഞങ്ങള്‍ തമ്മിലെന്ന്‍ പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയില്ല എന്നാല്‍ ചുടുവെള്ളം ചേര്‍ന്നാല്‍ കട്ടന്‍ ചായയുടെ നിറത്തിലുള്ള പിള്ളാരുണ്ടാകുമോടാ എന്ന് സുഹ്യത്ത് മുത്തു ചോദിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്കിലും കല്ലും കെ എസ് ആര്‍ട്ടി സി ബസ്സും പോലെ വളരെ ഒരു അടുത്ത ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടാകുമെന്നു ഞാന്‍ വെറുതെ ആശ്വസിച്ചു.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച വിരുന്നും കൂട്ടവുമൊക്കെയായി കഴിഞ്ഞു കൂടി. ഇടയ്ക്കൊന്ന് നാട്ടിലിറങ്ങി കൂട്ട്കാരെ മുഖം കാണിച്ചില്ലെങ്കില്‍ "എന്താടാ ഗള്‍ഫുകാരന്‍ കല്യാ‍ണം കഴിച്ച പോലെ പുറത്തേക്കൊന്നും കാണാനില്ലല്ലോ" എന്ന അപവാദം കേള്‍ക്കാതിരിക്കാന്‍ അന്ന് വൈകീട്ട് കൂട്ടുകാരുടെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനിച്ചു. "ചിറക്കണ്ടം'ഗ്രൌണ്ടില്‍ ഗല്‍ഫിനു പോകുന്നതിനു മുന്‍പ് സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. കളി എന്ന് പറഞ്ഞാല്‍ ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഞാന്‍ നില്‍ക്കും, വല്ലപ്പോഴും പന്ത് കാലുകൊണ്ട് തട്ടിയെങ്കിലായി.അങ്ങിനെ പന്ത് തീരെ കിട്ടാതായിത്തുടങ്ങിയപ്പോള്‍ എന്നെ ഒരു ഗോള്‍ കീപ്പറായി പ്രഖ്യാപിച്ചു,ഞാന്‍ തന്നെ. പിന്നീടുള്ള ഫുട്ബോള്‍ ജീവിതം ഒരു ഗോള്‍കീപ്പറായിട്ടാണു ഞാന്‍ കഴിച്ച് കൂട്ടിയത്.അത് കൊണ്ട്കൂടി അന്നും ഞാന്‍ ഗോളിയായി നില്‍ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി.ഒന്നു രണ്ട് ഗോളൊക്കെ ഞാന്‍ സേവ് ചെയ്തു.അബദ്ധത്തില്‍ കാലില്‍ തട്ടി പുറത്ത് പോയതാണെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തി. വരാന്‍ വെച്ചത് വാഴക്കോട് തങ്ങില്ലല്ലോ,നേരെ ഗ്രൌണ്ടിലേക്ക് തന്നെ വന്നു. ക്യത്യമായി വലത് കണ്ണിന്റെ ഭാഗത്ത് തന്നെ. ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.കാരണം അത്രയ്ക്കും ഊക്കിലുള്ള അടിയായിരുന്നു.മുഖത്തിന്റെ ഷേപ്പ് മാറിയോ എന്ന് ഞാന്‍ തപ്പി നോക്കി.എങ്കിലും അധികം വൈകാതെ മുഖത്തിന്റെ ഒരു ഭാഗം ചൈനയുടെ മാപ്പ് പോലെ വികസിച്ച് കൊണ്ടിരുന്നു. എങ്കിലും കളിയുടെ ആവേശത്തില്‍ വേദന മറന്നെന്ന് വരുത്തിത്തീര്‍ത്ത് ഞാന്‍ വീണ്ടും ഗോള്‍പോസ്റ്റില്‍ നിന്നു.

ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ബോളുകള്‍ വന്നു കൊണ്ടിരുന്നു. 'ഇക്കാ ബോള് പിടിക്ക് ട്ടാ" എന്ന് പറഞ്ഞവര്‍ 'ടാ പിടിക്കടാ' എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു. എന്നിട്ടും ഗുണമില്ലെന്ന് കണ്ടിട്ടെന്നോണം 'മുത്തു' അട്ത്ത് വന്നിട്ട് പറഞ്ഞു, 'ടാ ഒരു പത്ത് ബോള് വിടുമ്പോ ഒരെണ്ണമെങ്കിലും പിടിച്ചൂടടാ?"
മുത്തുവിന്റെ ആ ഡൈലോഗ് എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മ്യഗത്തെ ഉണര്‍ത്തി.വന്യമായ ഒരു ആവേശത്തില്‍ ഉയര്‍ന്ന് വന്ന ബോള്‍ പിടിക്കാനായി ഒരു തവളയെപ്പോലെ ഞാന്‍ കുതിച്ച് ചാടി!
"ക്ടക്' എന്നൊരു ശബ്ദം ക്യത്യമായി ഞാന്‍ കേട്ടു. അതെന്താണെന്ന് നിലത്ത് അമര്‍ന്ന് നിന്നപ്പോള്‍ മനസ്സിലായി.എന്‍െ ഡിസ്കിനെന്തോ പറ്റിയിരിക്കുന്നു. എനിക്ക് നിന്ന നില്‍പ്പില്‍ നിന്നും പിന്നെ അനങ്ങാന്‍ പറ്റുന്നില്ല. ഒണക്കപ്പുട്ട് അണ്ണാക്കില്‍കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. സംഗതി എന്തോ പന്തികേടുണ്ടെന്ന് എന്റെ ഭാവാഭിനയിത്തില്‍ നിന്നും നസ്സിലാക്കിയ മോനുവും മുത്തുവും എന്റെയടുത്ത് വന്നു.ഡിസ്ക് തെറ്റിയതാണെന്ന് അവര്‍ക്ക് മനസ്സിലായി. ഉടനെ ആറ്റൂര്‍ എന്ന സ്ഥലത്തുള്ള കുറുപ്പിന്റെയടുത്ത് പോയി ഉഴിഞ്ഞ് ശരിയാക്കാമെന്ന് തീരുമാനിച്ചു.

അവര്‍ രണ്ട് സൈഡിലും നിന്ന് രണ്ട് കാലിന്റെ തുടയില്‍ പിടിച്ച് പൊക്കി. ഞാന്‍ രണ്ട് കൈകൊണ്ടും രണ്ട് പെരുടേയും തോളില്‍കൂടി പിടിച്ചു. അങ്ങിനെ പൊക്കി വണ്ടിയിലേക്ക് കേറ്റാന്‍ പോകുമ്പോഴാണ് "പതിനൊന്ന് ഹംസക്ക" (പതിനൊന്ന് എന്നത് ഇരട്ടപ്പേരാണ്) ഞങ്ങളെ കണ്ടതും ഒരു കണ്ണീചോരയുമില്ലാതെ ചോദിച്ചു,
"എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?"
ഹംസക്ക ആയത് കൊണ്ടും എന്റെ ഡിസ്ക് തെറ്റിക്കിടന്നത് കൊണ്ടും അവിടെ ഒരു രക്തദൂഷ്യം ഒഴിവായി.മുത്തുവും മോനുവും കൂടി എന്നെ "നഗരം കാണിക്കലിന്" കാലം ചെയ്ത ബിഷപ്പിനെ ഇരുത്തും പോലെ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി നേരെ കുറുപ്പിന്റെ അടുത്തെക്ക് പോയി.

റോഡില്‍നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയിട്ടാണ് കുറുപ്പിന്റെ വീട്. വീണ്ടും അവര്‍ എന്നെ ഏറ്റി ഒരു ചെറിയ ഇട വഴിയിലൂടെ നടന്നു. നടക്കുന്നതിനിടയിലാണ് പണികഴിഞ്ഞ് വാഴക്കോടുള്ള മാത എന്ന സ്ത്രീ ആ വഴി വരുന്നത്. മോനുവിനെ കണ്ടതും മാത,
"എന്താ മോന്വോ, ഇയ്യ് അന്തിമൊളെങ്കാവിലെ വേലയ്ക്ക് കാളേനേറ്റാനും പോകുന്നുണ്ടോ?"
അത് കേട്ടതും ചിരി അടക്കാനാവതെ അവര്‍ എന്നെ താഴെ നിര്‍ത്തി.മാതയായത് കൊണ്ടും കണ്ണിനു അല്‍പ്പം തെളിച്ചക്കുരവുള്ളത് കൊണ്ടും ഞാന്‍ വീണ്ടും ക്ഷമിച്ചു. മാത അടുത്ത് വന്നു.
"അല്ല ഇത് നമ്മടെ ഗള്‍ഫ് കുട്യല്ലെ? മാനേ വിരുന്നൊക്കെ കഴിഞ്ഞോ?"
ഞാന്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞു എന്ന് ആംഖ്യം കാണിച്ചു.കൂട്ടുകാരെ തോണ്ടി പോകാമെന്നും പരഞ്ഞു.അവര്‍ വീണ്ടും കാവടിയെടുത്തു പൊക്കി. അത് കണ്ട് മാത വീണ്ടും,
"അല്ലാ മോനെ എന്താ അനക്ക് പറ്റീ?
ഒന്നുമില്ലാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങീതും മുത്തു നടക്കുന്നതിനിടയില്‍ മാതയോട്,
"അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!"
"ദേവ്യേ" മാത അറിയാതെ വിളിച്ച് പോയി. പിന്നെ മാത ചോദിച്ചതൊന്നും ഞങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല!

കുറുപ്പ് ഉഴിഞ്ഞ് ഒരു വിധം പിടിച്ച് നടക്കാമെന്ന ഒരു പരുവമാക്കിത്തന്നു.തൈലം തെച്ച് രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകുമെന്നും പറഞ്ഞ് വിട്ടു.അവര്‍ വീണ്ടും എന്നെ വണ്ടിയില്‍ കേറ്റിയിരുത്തി വീട്ടിലേക്ക് വന്നു.മുത്തുവും മോനുവും വീണ്ടും കാവടിയെടുത്തു. ഞങ്ങടെ വരവു കണ്ട് ഉമ്മറത്ത് നിന്ന് ഉമ്മാടെ കമന്റ്!
"മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍"
അത് കൂടി കേട്ടപ്പോള്‍ എനിക്ക് ഉടലോടെ വാ പിളര്‍ന്ന് ഒരു ചിക്കെന്‍ ചില്ലി കഴിച്ചാലോ എന്ന് തോന്നി.എങ്കിലും ആ നേരത്ത് ഒരു ഫോണ്‍ ആ ചമ്മല്‍ മറക്കാന്‍ രക്ഷയ്ക്കെത്തി. ഉമ്മ പോയി ഫോണ്‍ എടുത്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ സൌദിയില്‍ നിന്നും എളാപ്പ (ഉപ്പാടെ അനിയന്‍). ഉമ്മ എളാപ്പ പുത്യാപ്ലയെ ചോദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ എനിക്കു തന്നു.
"ഹലോ ഞാനാ പുതിയാപ്ല,"
"പുതുപെണ്ണില്ലേ അവിടെ?"
"ഉണ്ട് അവള്‍ ഇവിടെയുണ്ട്, സുഖം തന്നെ! പിന്നെ എനിക്കാ സുഖമില്ലാത്തത്"
"നിനക്കെന്തു പറ്റി?"
"ഡിസ്കൊന്ന് തെറ്റി,റെസ്റ്റിലാ"
"ഡിസ്ക് തെറ്റേ, എന്ത് പറ്റി?"
"ഒന്ന് കളിച്ചതാ"
"ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?"
"പെണ്ണിനോ?" അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ലഡുപൊട്ടിയത്, 'എളാപ്പാ ഞാന്‍ ചിറക്കണ്ടത്തിലു പന്ത് കളിക്കാന്‍ പോയിട്ട് പറ്റിയതാ, രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകും!"

ഭാഗ്യം അധികം ചോദ്യങ്ങളൊന്നുമില്ലാതെ ആ ഫോണ്‍ കട്ടായി.മുഖത്ത് സങ്കടവും അതിലേറെ ദേഷ്യവുമായി ഭാര്യ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
"പേരേടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കുളിക്കാനാ കുറുപ്പ് പറഞ്ഞിരിക്കുന്നത്.ഇത്തിരി വെള്ളം ചൂടാക്യേ മോളെ"
അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!
വീണ്ടും ഫോണ്‍, ഉമ്മാ ഫോണ്‍ എടുത്തു.
'ഹലോ ആരാ?'
"ഞാന്‍ ഷെമിയുടെ ഉമ്മയാ, മക്കള്‍ക്ക് സുഖം തന്നെയല്ലേ?"
"സുഖായിരിക്കുന്നു.പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട്!"
കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,'എന്ത് വിശേഷം?"
"വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്"
"പ് ധിം"
പിന്നീട് അപ്പുറത്തിന്ന് ശബ്ദമൊന്നും കേള്‍ക്കാണ്ടായപ്പോള്‍ ഉമ്മ ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മ പറഞ്ഞു.
" എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!"


2. അളിയന്‍ ജോക്കുകള്‍

സര്‍ദാര്‍ ജോക്കുകളും ടിന്റുമോന്‍ ജോക്കുകളും നമ്മള്‍ ആവോളം ആസ്വദിച്ചല്ലോ.ആ ശ്രേണിയിലേക്ക് ഞാന്‍ പുതിയൊരു ജോക്ക് കൂടി പരിചയപ്പെടുത്തുകയാണ്. ഇത് ചിലപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയാലോ? ലോകത്തിലെ ഞാനടക്കമുളള സകലമാന അളിയന്മാര്‍ക്കും ഞാനീ "അളിയന്‍ ജോക്ക്സ്" ഡെഡിക്കേറ്റ് ചെയ്യുന്നു.

അളിയനും ചെയിഞ്ചും


‎"അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ?

"അയ്യോ അളിയാ എന്റെ കയ്യ്യില്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ"

"ഈ അളിയന്റെ ഒരു കാര്യം! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും!"

അളിയനും വിരുന്നും


‎"അളിയാ പെങ്ങളെയും കൂട്ടി അടുത്താഴ്ച വരണം.വിരുന്ന് കഴിഞ്ഞിട്ട് പോകാം"

"അതിനെന്താ അളിയാ ഞങ്ങള്‍ രണ്ടാഴ്ച അവിടെ താമസിച്ചേ മടങ്ങൂ"

"അളിയാ ഞാന്‍ ആഴ്ച എന്ന് പറഞ്ഞത് ഞായറാഴ്ച മാത്രമേ ഉദ്ധേശിച്ചുള്ളൂ

അളിയനും ഷോപ്പിങ്ങും


"അളിയാ എന്താ കയ്യിലൊരു പൊതി? ഷോപ്പിങ് കഴിഞ്ഞ് വരുവാണോ?"

"എനിക്കൊരു ഷര്‍ട്ട് വാങ്ങിയതാ അളിയാ"

"സന്തോഷമായി അളിയാ, എന്റെ ഷര്‍ട്ടിന്റെ സൈസ് വരെ അളിയന്‍ ക്യത്യമായി മനസ്സിലാക്കിയല്ലോ! കള്ളന്‍!"

അളിയനും പുതിയ കാറും


"അളിയോ പുതിയ കാറൊക്കെ വാങ്ങിച്ചോ,ആ ചാവി ഒന്ന് തന്നേ ഓട്ടി നോക്കട്ടെ"

"അളിയനതിന് ഡ്രൈവിങ് അറിയില്ലല്ലോ?"

"ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!"

അളിയനും സിനിമയും


"അളിയാ മമ്മൂട്ടിയുടെ പുതിയ പടം റിലീസുണ്ട്. പോയാലോ?"

"മമ്മൂട്ടിക്കുണ്ടോ അഭിനയിക്കാനറിയുന്നു.കത്തി പടമാവും, ഞാനില്ല!"

"രണ്ട് ബാല്‍ക്കണി ടിക്കറ്റ് കിട്ടിയിട്ടുണ്ട്,എന്നാല്‍ ഞാന്‍ കൂട്ടുകാരനെ കൂട്ടിക്കോളാം"

"ബാല്‍ക്കണി ടിക്കറ്റാണെങ്കില്‍ പറയണ്ടേ,ഞാനും വരാം.എന്ത് മാത്രം അവാര്‍ഡ് കിട്ടിയ മനുഷ്യനാ മമ്മൂട്ടി!"

അളിയനും ജോലിയും


"അളിയാ ഒരു അയ്യായിരം രൂപയൊന്ന് മറിക്കാനുണ്ടാവോ? ശമ്പളം കിട്ടിയാല്‍ തിരിച്ച് തരാം"

"ശമ്പളം കിട്ടാന്‍ അളിയന് ജോലി വല്ലതും ഉണ്ടോ?

"കരിനാക്ക് വളക്കാതെ അളിയാ, 'ശ്രമിച്ചാ' കിട്ടാത്ത ജോലിയുണ്ടോ? ഈ അളിയന്റെ ഒരു കാര്യം!"

അളിയനും പോലീസും


"ഹലോ..അളിയാ.. എന്നെ പോലീസ് പിടിച്ചു അളിയാ"

"അളിയനിപ്പോ എവിടേയാ നില്‍ക്കുന്നത്?"

"അതറിയാമെങ്കില് എന്നെ പോലീസ് പിടിക്യോ അളിയാ?"

അളിയനും സ്മോളും

"അളിയാ മക്കളാണേ സത്യം. ഞാനൊരു തുള്ളി അടിക്കില്ല"

"ഒരു ഗള്‍ഫ്കാരന്‍ തന്നതാ,സ്കോച്ചാ..ജോണീവാക്കര്‍"

"മക്കള്‍ക്ക് സത്യം തിരിച്ചറിയാനുളള പ്രായമാവാത്തോണ്ട് മാത്രാ ഞാനിത് കഴിക്കുന്നത് അളിയാ,സത്യം!"

അളിയനും കല്യാണവും



"അളിയന്‍ വന്നത് നന്നായി, കല്യാണത്തിനൊരു പോത്തില്ലാതെ ഇരിക്യായിരുന്നു"

"അളിയന്‍ എന്താ ഉദ്ധേശിച്ചത്?"

"അല്ല അളിയനാകുമ്പോള്‍ നല്ല പോത്തിനെ കണ്ടാല്‍ അറിയാലോ!"

Blog Post from

വാഴക്കോടന്‍ // VAZHAKODAN,

  • Al Ain

  • യു.എ.ഇ

  • വാഴക്കോടന്‍ // VAZHAKODAN

    0 comments: